Parivar News
Online News Portal

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കേസിൽ 16 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം : സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്തു

മുംബൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ വിശ്വസ്‌തനുമായ സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. 16 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സഞ്ജയ്‌ റാവത്തിന്‍റെ അറസ്റ്റ്. ഗൊരേഗാവിലെ പത്ര ചാൽ ഭൂമി തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഭൂമി ഇടപാട് കേസിനെ തുടർന്ന് റാവത്തിന്‍റെ വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധന നടന്നിരുന്നു.

ഇന്നലെ(31.07.2022) രാവിലെ ഏഴു മുതൽ വൈകിട്ട് നാല് മണിവരെയായിരുന്നു റെയ്‌ഡ്. തുടർന്ന് സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 11.50 ലക്ഷം രൂപ ഇ.ഡി പിടിച്ചെടുത്തു. പിന്നാലെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം റാവത്തിനെ ദക്ഷിണ മുംബൈയിലെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. അതേസമയം, കേസുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ ഇ.ഡിക്ക് ലഭിച്ചിട്ടില്ലെന്നാണ് സഞ്ജയ് റാവത്തിന്‍റെ സഹോദരൻ സുനിൽ റാവത്തിന്‍റെ പ്രതികരണം.

നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ റാവത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞ് മാത്രമേ ഹാജരാകാൻ കഴിയൂ എന്ന് റാവത്ത് അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപായി ഇ.ഡി റെയ്‌ഡിനെ വിമർശിച്ച് റാവത്ത് നിരവധി തവണ ട്വീറ്റ് ചെയ്‌തിരുന്നു.