Parivar News
Online News Portal

ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് 100 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നത്. ജീവനക്കാരുടെ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. യൂണിയന്‍ നേതാക്കളുമായി നടത്തിയ ചർച്ച വിജയിച്ചതോടെയാണ്, കുടിശ്ശിക നൽകാൻ തീരുമാനമായത്.

എല്ലാ മാസവും അഞ്ചാം തിയ്യതിക്ക് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് ചർച്ചചെയ്യാൻ കെ.എസ്സി.ആർ.ടി.സി എംഡി ബിജു പ്രഭാകർ യോഗം വിളിച്ചു. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് എത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പരമാവധി ഇന്ന് തന്നെ പണം ജീവനക്കാർക്ക് ലഭിക്കുന്ന രീതിയിൽ നടപടിയെടുക്കാൻ ധന വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.

അതേസമയം, ജൂലൈ മാസത്തെ ശമ്പളവിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ 75ശതമാനം ശമ്പളവും നൽകിയതായി അധികൃതർ അറിയിച്ചു. അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്.