Parivar News
Online News Portal

തിരുവോണ സദ്യപോലെ അനന്തപുരിയിലെ ഓണവിരുന്ന്

തിരുവനന്തപുരം :തിരുവോണദിവസം നഗരത്തില്‍ അനുഭവപ്പെട്ടത് മുന്‍ ദിവസങ്ങളെക്കാള്‍ വലിയ തിരക്ക്. തിരുവോണസദ്യ കഴിഞ്ഞതു മുതല്‍ ആളുകള്‍ കുടുംബ സമേതം നഗരത്തിലേക്ക് എത്തിത്തുടങ്ങി. വൈകുന്നേരമായതോടെ നഗരം ജനസാന്ദ്രമായി. എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാന്‍ സദാ സജ്ജരായി പോലീസും വോളന്റിയര്‍മാരുമുണ്ടായിരുന്നു.കോവിഡിനും പ്രളയത്തിനും ശേഷം ഓണ വ്യാപാരം തകൃതിയായി നടത്തുന്നതിനുള്ള അവസരമായും ഇത്തവണത്തെ ഓണം മാറി. കുട്ടികളെ ആകര്‍ഷിക്കുന്ന വര്‍ണാഭമായ ബലൂണുകളും കളിക്കോപ്പുകളും നഗരത്തിലുടനീളം കാണാനായി.

 

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലും എക്‌സിബിഷനിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബശ്രീ ഭക്ഷ്യ സ്റ്റാളുകളിലും ജനം ഒഴുകിയെത്തി വിവിധ രുചികള്‍ ആസ്വദിച്ചു. പെറ്റ് ഷോയും, ഗെയിം സോണും തിരുവോണ ദിവസം കൂടുതല്‍ സജീവമായി. രാത്രി നഗരത്തിലെ പ്രധാന വേദികളില്‍ നടന്ന കലാപരിപാടികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശംഖുമുഖത്ത് ഊരാളി ബാന്റിന്റെയും,നിശാഗന്ധിയില്‍ മുരുകന്‍ കാട്ടാക്കടയുടെയും കലാവൈഭവം ജനങ്ങള്‍ നെഞ്ചേറ്റി. വൈകുന്നേരത്തെ തിരക്കില്‍ അലിഞ്ഞ് ഇഷ്ടഭക്ഷണവും കലാപരിപാടികളും ആസ്വദിച്ച് വൈദ്യുത ദീപാലങ്കാരവും കണ്ടാണ് എല്ലാവരും മടങ്ങിയത്