Parivar News
Online News Portal

വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ഇന്ന് ഉച്ചയ്ക്കുശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ ഇന്നലെ ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ജനങ്ങളോടുള്ള മന്‍ കീ ബാത്തല്ലെന്നും ജനങ്ങളെ കേള്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമമാണ്. കോണ്‍ഗ്രസിനെയും ഭാരത് ജോഡോ യാത്രയെയും തകര്‍ക്കാന്‍ ക്രൂരമായ ശ്രമമാണ് ബിജെപി നടത്തുന്നത്. അടിവസ്ത്രത്തിന്റെവരെ പേരുപറഞ്ഞ് യാത്രയുടെ ലക്ഷ്യങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജെപി ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണ്. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന സഞ്ജീവനിയാണ് പദയാത്ര. രാജ്യം ഭരിക്കുന്നവര്‍ ഞാനെന്നും എന്റേതെന്നും ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസ് നമ്മള്‍ എന്നാണ് ചിന്തിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടി നടത്തുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രയാണിത്. 149 സ്ഥിരം യാത്രക്കാരില്‍ മൂന്നിലൊന്ന് യുവതികളാണ്. രാജ്യം മുഴുവന്‍ 148 ദിവസമാണ് യാത്രയാണ് നടത്തുന്നത്. കേരളത്തില്‍ 19 ദിവസമാണ് സംഘം പദയാത്ര നടത്തുന്നത്. ബിജെപി, ആര്‍എസ്എസ് നേതൃത്വം ഇന്ത്യയെ വിഭജിക്കുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. യാത്ര അവസാനിക്കുന്നതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കും. അതേസമയം രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ദൗത്യമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

2)കേരളത്തിലെ സിപിഎം പരോക്ഷമായി ബിജെപിയെ
പിന്തുണയ്ക്കുന്നു: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തിലെ സിപിഎം പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. എന്നാല്‍ ദേശീയതലത്തില്‍ സിപിഎം അത്തരമൊരു നിലപാടല്ല സ്വീകരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന് വേറെ രാഷ്ട്രീയമാണ്. വികസനത്തെപ്പറ്റി പഠിക്കാന്‍ ഗുജറാത്തിലേക്ക് പഠനസംഘത്തെ അയച്ച സിപിഎം മുഖ്യമന്ത്രിയാണ് കേരളത്തിലുളളത്. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വിജയത്തിലേക്ക് നീങ്ങുകയാണ് ഭാരത് ജോഡോ യാത്ര. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാഴികക്കല്ലായി യാത്ര മാറും. യാത്ര വിജയപ്പിക്കാനായി ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് ഘടകങ്ങള്‍ മത്സരിക്കുകയാണ്. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ ഭയമില്ലാത്ത ഒരേയൊരു നേതാവ് രാഹുലാണ്. യാത്ര വിജയച്ചിത് ബിജെപിയെ ആശങ്കപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ അധിക്ഷേപം നടത്തുന്നത്. സംഘടന തിരഞ്ഞെടുപ്പില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആളുണ്ടാകുന്നത് കോണ്‍ഗ്രസിന്റെ സൗന്ദര്യമാണ്. മറ്റൊരു പാര്‍ട്ടിയിലും ഈ സ്വാതന്ത്ര്യം ലഭിക്കില്ല. അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആര്‍ക്ക് വേണോ പത്രിക നല്‍കാമെന്നും വേണുഗോപാല്‍ പറഞ്ഞു.

3) കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്
ഭാരത് ജോഡോ യാത്രയിലൂടെ: കെ.സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര മാധവി മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കും. സ്വതന്ത്രഭാരതത്തില്‍ ഇത്തരമൊരു ജാഥ ആദ്യമായാണെന്നും സുധാകരന്‍ അവകാശപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ യാത്ര കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

4) ഭാരത് ജോഡോ: യാത്രാ ഗീതം പുറത്തിറക്കി

തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം പുറത്തിറങ്ങി. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഗീതം. ”അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികള്‍, തളരില്ല തെല്ലുമിനി വീഥിയില്‍ ഒരു ചാട്ടുളി പോലിനി നീങ്ങുമേ..” എന്ന് തുടങ്ങുന്നതാണ് യാത്രാഗീതം. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ഗാനം പുറത്തുവിട്ടത്.