Parivar News
Online News Portal

നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് കൊടിയിറക്കം

തിരുവനന്തപുരം: നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് കൊടിയിറക്കം. സംഗീത, നൃത്ത, വാദ്യഘോഷങ്ങളും ദീപാലങ്കാരങ്ങളും പൊലിമ ചാര്‍ത്തിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയോടെയായിരുന്നു സമാപനം.

കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

2023 ല്‍ ലോകമാകെ ശ്രദ്ധിക്കുന്ന ഉത്സവമാക്കി ഓണത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും ആസൂത്രണം ചെയ്യുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സ്പെയിനിലെ ‘ലാ ടൊമാറ്റിനോ’ മാതൃകയില്‍ കേരളത്തിന്‍റെ ഓണാഘോഷത്തിലേക്ക് വിദേശികളെക്കൂടി ആകര്‍ഷിക്കുന്നതിന് അവസരമൊരുക്കും. കേരളം ഇതുവരെ കാണാത്ത ജനകീയ ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം ആളുകള്‍ ഏറ്റെടുത്തു. ഓണാഘോഷ കലാപരിപാടികളില്‍ ഒട്ടേറെ പ്രാദേശിക കലാകാര ന്‍മാരെ പങ്കെടുപ്പിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

കോവിഡിന്‍റെ ഇടവേളയ്ക്കു ശേഷമുള്ള ഓണാഘോഷം ഇത്ര വലിയ വിജയമാക്കിത്തീര്‍ത്തത് സംസ്ഥാന സര്‍ക്കാരിന്‍റെയും ടൂറിസം വകുപ്പിന്‍റെയും നേട്ടമാണെന്ന് മുഖ്യാതിഥിയായ സിനിമാതാരം ആസിഫ് അലി പറഞ്ഞു.

 

എം.എല്‍.എമാരായ ഡി.കെ. മുരളി, ഐ.ബി. സതീഷ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, കൗണ്‍സിലര്‍ റീന കെ.എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ഓണാഘോഷത്തിന് സമാപനം കുറിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര വെള്ളയമ്പലം മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാസാംസ്ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങള്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ പങ്കെടുത്തു. പത്ത് ഇതരസംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. ആകെ 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമാണ് ഉണ്ടായിരുന്നത്. ഓണം വാരാഘോഷത്തില്‍ ഉടനീളമുണ്ടായിരുന്ന ജനപങ്കാളിത്തം ഘോഷയാത്രയിലും പ്രകടമായി.