Parivar News
Online News Portal

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു

ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ചെനാബ് നദിക്ക് കുറുകെയാണ് റെയില്‍വേ പാലം വരുന്നത്. ശ്രീനഗറില്‍ നിന്നുള്ള മനോഹരമായ കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. വെളുത്ത മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ പൊങ്ങി നില്‍ക്കുന്ന പാലത്തിന്റെ ചിത്രങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ സെക്ഷനില്‍ കത്രയില്‍ നിന്ന് ബനിഹാളിലേക്കുള്ള പാതയുടെ ഭാഗമാണ് ഈ പാലം.

 

വിവിധ സമയങ്ങളിലായെടുത്ത പാലത്തിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പാരീസിലെ ഈഫല്‍ ടവറിനെക്കാള്‍ 30 മീറ്റര്‍ കൂടുതല്‍ ഉയരത്തിലാകും ചെനാബ് പാലം സ്ഥിതി ചെയ്യുക. നദിയുടെ ഇരുകരകളില്‍ നിന്നുമാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഗോള്‍ഡന്‍ ജോയിന്റ് എന്നാണ് പാലങ്ങളെ തമ്മില്‍ കൂട്ടിമുട്ടിച്ച സ്ഥലത്തിന് എഞ്ചിനീയര്‍മാര്‍ നല്‍കിയ പേര്. ഈ വര്‍ഷം ഓഗസ്റ്റ് 13നാണ് രണ്ടറ്റങ്ങളും തമ്മില്‍ കൂട്ടിമുട്ടിച്ചത്.

1.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ചെനാബ് നദിക്ക് മുകളിലായി 350 മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 1486 കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണത്തിനായി നീക്കി വച്ചിരിക്കുന്നത്.