Parivar News
Online News Portal

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് : കൂറുമാറി സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്

ന്യൂഡല്‍ഹി: ഗോവയില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. രണ്ട് തരം നേതാക്കളാണ് കൂറുമാറുന്നതെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഒന്ന് പാര്‍ട്ടിയില്‍ നിന്നും എല്ലാം നേടിയവരും മറ്റൊരു വിഭാഗം അന്വേഷണ ഏജന്‍സികളെ ഭയക്കുന്നവരും എന്നാണ് ജയ്‌റാം രമേശ് പറയുന്നത്. ഗോവയില്‍ 8 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുതിര്‍ന്ന നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഒന്നാം വിഭാഗക്കാരെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

‘യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുതല്‍ പി.സി.സി അദ്ധ്യക്ഷ സ്ഥാനം വരെയുള്ള സംഘടന ചുമതല അദ്ദേഹം വഹിച്ചു. ജനറല്‍ സെക്രട്ടറിയായി, കേന്ദ്ര മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായി. അങ്ങനെ കോണ്‍ഗ്രസില്‍ നിന്നും എല്ലാം നേടി കഴിഞ്ഞ് പാര്‍ട്ടിയെ തള്ളി’- അദ്ദേഹം പറഞ്ഞു.

ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഗോവയിലെ ഓപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷനേതാവ് ഉള്‍പ്പടെ എട്ട് എം.എല്‍.എമാരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.