Parivar News
Online News Portal

ആലുവ ക്ഷേത്രം വെള്ളത്തില്‍ ; എന്‍ഡിആര്‍എഫ് സംഘം പത്തനംതിട്ടയിലെത്തി

കൊച്ചി: എറണാകുളത്ത് മൂവാറ്റുപുഴയിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടനിലയേക്കാൾ കൂടുതലാണെന്ന് കളക്ടർ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ആലുവ മൂന്നാർ റോഡിൽ വെള്ളം കയറി. കോതമംഗലം തങ്കളം ബൈപ്പാസും മണികണ്ഠൻ ചാലും വെള്ളത്തിൽ മുങ്ങി. ഏലൂർ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ കാണാതായ ഉരുളൻ താന്നി സ്വദേശി പോളിനായുള്ള തിരച്ചിൽ തുടരുകയാണ്.

പത്തനംതിട്ടയിൽ 20 അംഗ എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 103 പേരെ മാറ്റിപ്പാർപ്പിച്ചു. പമ്പ, അച്ചൻകോവിൽ, മണിമല നദികൾ കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലെ ആറാട്ട് കടവിൽ ഉൾപ്പെടെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. വ്യാഴാഴ്ച നടക്കുന്ന ശബരിമല നിറപുത്തരി ചടങ്ങിൽ ഭക്തരെ പങ്കെടുപ്പിക്കണമോ എന്ന കാര്യത്തിൽ രാവിലെ തീരുമാനമെടുക്കും. അത്തിക്കയത്തെ പമ്പയിൽ കാണാതായ രാജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. ഗവി ഉൾപ്പെടെയുള്ള വനമേഖലകളിൽ കനത്ത മഴ തുടരുകയാണ്.

തിരുവല്ല താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 125 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളിൽ അഞ്ച് ക്യാമ്പുകളും തുറന്നിട്ടുണ്ട്. തിരുവല്ല തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര, ആറ്റുമാലി കോളനികളിൽ വെള്ളം കയറി. 45 ഓളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചെങ്ങന്നൂരിൽ എട്ട് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.