ബഫർസോൺ; ജനങ്ങൾ പെരുവഴിയിലാവട്ടെ എന്ന് സർക്കാർ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു:
കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലാവട്ടെ എന്ന് സർക്കാർ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു എന്നും ചിലർക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ആരെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ദുരുദേശ്യത്തോടെ പോയാൽ അവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരേണ്ട ആളാണ് മുഖ്യമന്ത്രിയെന്നും പാംപ്ലാനി പറഞ്ഞു.
‘ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും അവിടത്തെ മനുഷ്യരുടെ ആശങ്കകളും പരിഗണിച്ചുകൊണ്ടുള്ള റിപ്പോർട്ട് തയാറാക്കണം.
കർഷകർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടുള്ള മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്’- ബിഷപ്പ് വിമര്‍ശിച്ചു