കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത് തടയുകയും ഈ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇതുമൂലം പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
അതേസമയം, നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ എച്ച്ഡിഎൽ ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
ചെറി ജ്യൂസ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ചെറി ജ്യൂസ് ദിവസേന കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും ഗണ്യമായി കുറയ്ക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.
മാതളത്തിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വളരെ കൂടുതലാണ്. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നതിന് മികച്ചൊരു ജ്യൂസാണ്. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ മാതള ജ്യൂസ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, രക്തക്കുഴലുകളുടെ കേടുപാടുകൾ കുറയ്ക്കുകയും ധമനികളുടെ കാഠിന്യം തടയുകയും ചെയ്യുന്നു.
തക്കാളി ജ്യൂസിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. ആന്റി ഓക്സിഡൻറുകളുടെ ഭക്ഷണക്രമം എൽഡിഎൽ, മൊത്തം കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, വാർദ്ധക്യം, അൽഷിമേഴ്സ് രോഗം, സ്ട്രോക്ക്, മറ്റ് രോഗങ്ങൾ കുറയ്ക്കുന്നതായി വിദഗ്ധർ പറയുന്നു.
സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞയളവിലുള്ള സോയ മിൽക്കും കൊളസ്‌ട്രോൾ കുറയ്ക്കും. ഉയർന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങൾക്ക് പകരം സോയ മിൽക്ക് തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമാണ്. ഹൃദ്രോഗികൾക്കും സോയ പ്രോട്ടീൻ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.