പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ
മോസ്കോ: പത്തു കുട്ടികളുള്ള സ്ത്രീകൾക്ക് വൻതുക ഓഫർ ചെയ്ത് റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനാണ് ഈ നടപടി. കോവിഡ് മഹാമാരി, ഉക്രയിൻ യുദ്ധം എന്നിവ രാജ്യത്തെ ജനസംഖ്യയെ വിപരീതമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പോംവഴിയായാണ് സർക്കാർ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കുന്നത്.
13,500 യൂറോ ( ഏകദേശം 10,85,157.00 ഇന്ത്യൻ രൂപ) ആണ് പത്ത് കുട്ടികൾ വേണമെന്ന് പദ്ധതിയിടുന്ന അമ്മമാർക്കായി പുടിൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനസമ്പത്ത് വർദ്ധിപ്പിക്കാനായി കൂടുതൽ കുട്ടികളെ വളർത്താൻ തയ്യാറാവുന്ന കുടുംബങ്ങൾക്കുള്ള സഹായധനമാണിത്. മദർ ഹീറോയിൻ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണെങ്കിലും റഷ്യയിൽ ജനസംഖ്യ വളരെ കുറവാണ്. 15 കോടിയിൽ താഴെ ആളുകൾ മാത്രമാണ് റഷ്യയിലുള്ളത്. കടുത്ത മഞ്ഞുള്ള പ്രദേശങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നതിനാൽ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് മുതലായ പ്രധാന നഗരങ്ങളിലാണ് ജനസാന്ദ്രത കൂടുതൽ.