മോർമുഗാവോ: യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിച്ചു
മുംബൈ: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരാൻ മറ്റൊരു യുദ്ധക്കപ്പൽ കൂടി. റിപ്പോർട്ടുകൾ പ്രകാരം, തദ്ദേശീയമായി വികസിപ്പിച്ച യുദ്ധക്കപ്പലായ മോർമുഗാവോ ആണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തിന് സമർപ്പിച്ചത്. സാങ്കേതികപരമായി കൂടുതൽ പുരോഗമിച്ച യുദ്ധക്കപ്പൽ കൂടിയാണ് ഐഎൻഎസ് മോർമുഗാവോ. ഇന്ത്യയുടെ സമുദ്ര ശക്തി വർദ്ധിപ്പിക്കാനും, കൂടുതൽ ഊർജ്ജം പകരാനുമുള്ള ശേഷി മോർമുഗാവോയ്ക്ക് ഉണ്ട്.
നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് മോർമുഗാവോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ, അത്യാധുനിക ആയുധങ്ങളും, ഉപരിതല മിസൈലുകളും, ഉപരിതല ആകാശ മിസൈലുകളും, നിരവധി സെൻസറുകളും മോർമുഗാവോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത് മുന്നോട്ട് കുതിക്കാനുള്ള ശേഷിയാണ് മോർമുഗാവോയുടെ പ്രധാന പ്രത്യേകത. കഴിഞ്ഞ ദശകത്തിൽ യുദ്ധക്കപ്പൽ രൂപകൽപ്പനയിലും, നിർമ്മാണ ശേഷിയിലും വൻ മുന്നേറ്റമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.